പറയുന്നതിനായി ഓടുന്നു
ഗ്രീക്ക് സന്ദേശവാഹകനായിരുന്ന ഫെയ്ഡിപ്പിഡിസിന്റെ കഥയെ അടിസ്ഥാനമാക്കിയുള്ളതാണ് ആധുനിക മാരത്തോണ്‍. ഐതിഹ്യമനുസരിച്ച്, ബി.സി. 490-ല്‍ അദ്ദേഹം, തങ്ങളുടെ മുഖ്യശത്രുവായിരുന്ന പേര്‍ഷ്യക്കാരുടെമേല്‍ ഗ്രീക്കുകാര്‍ നേടിയ ഐതിഹാസിക വിജയത്തിന്റെ വാര്‍ത്തയറിയിക്കാന്‍ മാരത്തോണ്‍ മുതല്‍ ഏഥന്‍സ് വരെ ഏകദേശം ഇരുപത്തിയഞ്ച് മൈല്‍ (നാല്‍പത് കിലോമീറ്റര്‍) ഓടി. ഇന്ന്, ഒരു കായിക നേട്ടത്തിന്റെ വ്യക്തിപരമായ സംതൃപ്തിക്കായി ആളുകള്‍ മാരത്തോണുകള്‍ ഓടുന്നു, പക്ഷേ തന്റെ ശ്രമത്തിന് പിന്നില്‍ ഫെയ്ഡിപ്പിഡിസിന് ഒരു വലിയ ലക്ഷ്യമുണ്ടായിരുന്നു: അവന്റെ ഓരോ ചുവടും തന്റെ ബന്ധുക്കള്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുന്നതിന്റെ സന്തോഷത്തിനായി പ്രവര്‍ത്തിച്ചു!
അഞ്ഞൂറു വര്‍ഷങ്ങള്‍ക്കു ശേഷം, രണ്ടു സ്ത്രീകളും സദ്‌വാര്‍ത്ത - ചരിത്രത്തിലെ ഏറ്റവും നിര്‍ണ്ണായകമായ വാര്‍ത്ത - അറിയിക്കാനായി ഓടി. ക്രൂശിക്കപ്പെട്ടതിനുശേഷം യേശുവിനെ വെച്ചിരുന്ന കല്ലറയ്ക്കല്‍ മറിയയും മഗ്ദലന മറിയയും എത്തിയപ്പോള്‍, അത് ശൂന്യമായി കിടക്കുന്നത് അവര്‍ കണ്ടു. യേശു 'മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റു'' എന്നും ''വേഗം പോയി ശിഷ്യന്മാരോട് പറയുക'' എന്നും ഒരു ദൂതന്‍ അവരോടു പറഞ്ഞു (മത്തായി 28:7). 'ഭയത്തോടും മഹാസന്തോഷത്തോടും'' കൂടി സ്ത്രീകള്‍, തങ്ങള്‍ കണ്ടെത്തിയ കാര്യങ്ങള്‍ ശിഷ്യന്മാരോട് പറയാന്‍ ഓടി (വാ. 8).
യേശുവിന്റെ പുനരുത്ഥാനത്തെക്കുറിച്ച് നമുക്കും അതേ സന്തോഷമുണ്ടാകട്ടെ, മറ്റുള്ളവരുമായി സുവാര്‍ത്ത പങ്കുവെക്കാന്‍ അതു നമ്മെ പ്രേരിപ്പിക്കട്ടെ. നമ്മുടെ രക്ഷകനെക്കുറിച്ച് അറിയേണ്ട ഒരാളെ കണ്ടെത്താന്‍ അടുത്തുള്ള വീടിനേക്കാള്‍ കൂടുതല്‍ ദൂരം നാം ''ഓടേണ്ട'' ആവശ്യമില്ല. മരണത്തിനെതിരായ യുദ്ധത്തില്‍ അവന്‍ വിജയിച്ചു, അതിനാല്‍ നാം അവനോടൊപ്പം എന്നേക്കും വിജയികളായി ജീവിക്കും!
അവിടെ ഉണ്ടായിരിക്കുക
രോഹിത് നിലത്തിരുന്നു പൊട്ടിക്കരയുന്നതു കണ്ടപ്പോള്‍, തീം പാര്‍ക്ക് ജോലിക്കാരിയായ ജെന്‍ സഹായത്തിനായി ഓടിയെത്തി. ഓട്ടിസം ബാധിച്ച കുട്ടിയായിരുന്ന രോഹിതിന്, താന്‍ കയറുന്നതിനായി ദിവസം മുഴുവന്‍ പ്രതീക്ഷയോടെ കാത്തിരുന്ന റൈഡ് തകര്‍ന്നുകിടക്കുന്നതു കണ്ടിട്ടു സഹിക്കാനായില്ല. ജെന്‍ ആകട്ടെ അവനെ എഴുന്നേല്‍പ്പിക്കുകയോ കരച്ചില്‍ നിര്‍ത്താന്‍ അവനെ നിര്‍ബന്ധിക്കുകയോ ചെയ്യുന്നതിനു പകരം രോഹിതിനോടൊപ്പം നിലത്തിരുന്ന് അവന്റെ വികാരങ്ങളെ അംഗീകരിക്കുകയും മതിയാവോളം കരയാന്‍ അവനു സമയം അനുവദിക്കുകയും ചെയ്തു.
ദുഃഖിക്കുന്നവരോ കഷ്ടം അനുഭവിക്കുന്നവരോ ആയവരോടൊപ്പം നമുക്ക് എങ്ങനെ ആയിരിക്കാമെന്നതിന്റെ മനോഹരമായ ഉദാഹരണമാണ് ജെന്നിന്റെ പ്രവൃത്തികള്‍. ഇയ്യോബിന് തന്റെ വീട്, ആടുമാടുകള്‍ (വരുമാനം), ആരോഗ്യം എന്നിവ നഷ്ടപ്പെടുകയും പത്തു മക്കള്‍ ഒരേസമയം മരണമടയുകയും ചെയ്തതിനെത്തുടര്‍ന്ന് അവനുണ്ടായ കഠിന ദുഃഖത്തെക്കുറിച്ച് വേദപുസ്തകം പറയുന്നു. ഇയ്യോബിന്റെ സ്‌നേഹിതന്മാര്‍ അവന്റെ വേദന അറിഞ്ഞപ്പോള്‍, ''അവര്‍ ഓരോരുത്തന്‍ താന്താന്റെ സ്ഥലത്തുനിന്നു പുറപ്പെട്ട് അവനോടു സഹതപിക്കുവാനും അവനെ ആശ്വസിപ്പിക്കുവാനും പോകണമെന്നു തമ്മില്‍ പറഞ്ഞൊത്തു'' (ഇയ്യോബ് 2:11). ഇയ്യോബ് വിലപിച്ചുകൊണ്ടു നിലത്തിരുന്നു. അവര്‍ എത്തിയപ്പോള്‍, അവന്റെ സ്‌നേഹിതന്മാര്‍ ഒന്നും മിണ്ടാതെ അവനോടൊപ്പം - ഏഴു ദിവസം - നിലത്തിരുന്നു, കാരണം അവന്റെ കഷ്ടതയുടെ ആഴം അവര്‍ കണ്ടു.
അവരുടെ മാനുഷികതയില്‍, പിന്നീട് ഇയ്യോബിന്റെ സ്‌നേഹിതന്മാര്‍ അവന് വിവേകശൂന്യമായ ഉപദേശം നല്‍കി. എങ്കിലും ആദ്യത്തെ ഏഴു ദിവസം അവര്‍ വാക്കുകളില്ലാത്തതും ആര്‍ദ്രവുമായ തങ്ങളുടെ സാന്നിദ്ധ്യത്തിന്റെ സമ്മാനം നല്‍കി. നമുക്ക് ഒരാളുടെ ദുഃഖം മനസ്സിലാക്കാന്‍ കഴിഞ്ഞെന്നുവരില്ല, എന്നാല്‍ അവരോടൊപ്പം ഇരിക്കുന്നതിലൂടെ അവരെ സ്‌നേഹിക്കുന്നതിന് നാം അതു മനസ്സിലാക്കേണ്ട ആവശ്യവുമില്ല.
കടം വാങ്ങിയ ഷൂസ്
തന്റെ സമീപപ്രദേശങ്ങളെ അഗ്‌നി വിഴുങ്ങിയപ്പോള്‍ വീടുവിട്ട് ഓടിപ്പോകേണ്ടി വന്നതിനാല്‍ ഒരു ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ക്രോസ്-കണ്‍ട്രി റേസിനുള്ള സംസ്ഥാനതല യോഗ്യതാ മത്സരത്തിനുള്ള അവസരം നഷ്ടമായി. നാളുകളായി അവന്‍ അതിനായി പരിശീലിക്കുകയായിരുന്നു. ഈ മീറ്റില്‍ പങ്കെടുക്കാതിരുന്നതിനാല്‍ - തന്റെ നാലു വര്‍ഷ പരിശീലനത്തിന്റെ അന്തിമ ഘട്ടമായിരുന്ന - സംസ്ഥാന മീറ്റില്‍ പങ്കെടുക്കാനുള്ള അവസരം അവനു നഷ്ടമായി. സാഹചര്യങ്ങളുടെ വെളിച്ചത്തില്‍, സംസ്ഥാന അത്‌ലറ്റിക്‌സ് ബോര്‍ഡ് ഈ വിദ്യാര്‍ത്ഥിക്ക് മറ്റൊരു അവസരം നല്‍കി: ബുദ്ധിമുട്ടുള്ള ട്രാക്കില്‍ അവന്‍ ഒറ്റയ്ക്ക് നിശ്ചയിക്കപ്പെട്ട സമയത്ത് ഓട്ടം പൂര്‍ത്തിയാക്കുക. ഓട്ടത്തിനുള്ള അവന്റെ ഷൂസ് അഗ്നി വിഴുങ്ങിയിരുന്നതിനാല്‍ 'സാധാരണ ധരിക്കുന്ന ഷൂസ്' ധരിച്ചുകൊണ്ടുവേണമായിരുന്നു അവന്‍ ഓടേണ്ടിയിരുന്നത്. 'ഓട്ടത്തിനായി' അവന്‍ എത്തിയപ്പോള്‍, അവന് ശരിയായ ഷൂസ് നല്‍കുന്നതിനും അവന്‍ മീറ്റിനു യോഗ്യത നേടുന്നുവെന്ന് ഉറപ്പാക്കുന്നതിനായി അവന്റെ വേഗം ക്രമീകരിക്കുന്നതിന് അവന്റെ ഒപ്പം ഓടുന്നതിനുമായി അവന്റെ എതിരാളികള്‍ വന്നതു കണ്ട് അവന്‍ അത്ഭുതപ്പെട്ടു.
എതിരാളികള്‍ക്ക് അവനെ സഹായിക്കാന്‍ ബാധ്യത ഉണ്ടായിരുന്നില്ല. സ്വന്ത നേട്ടം ഉറപ്പാക്കാനുള്ള അവരുടെ സ്വാഭാവിക ആഗ്രഹങ്ങള്‍ക്ക് അവര്‍ക്ക് വശംവദരാകാമായിരുന്നു (ഗലാത്യര്‍ 5:13); അങ്ങനെ ചെയ്യുന്നത് അവരുടെ വിജയസാധ്യത മെച്ചപ്പെടുത്തുമായിരുന്നു. എന്നാല്‍ ആത്മാവിന്റെ ഫലം നമ്മുടെ ജീവിതത്തില്‍ പ്രകടിപ്പിക്കണമെന്ന് പൗലൊസ് നമ്മോട് ആവശ്യപ്പെടുന്നു - 'സ്‌നേഹത്താല്‍ അന്യോന്യം സേവിപ്പിന്‍.' ദയയും നന്മയും പ്രകടിപ്പിപ്പിന്‍ (വാ. 13, 22). നമ്മുടെ സ്വാഭാവിക സഹജാവബോധത്തില്‍ പ്രവര്‍ത്തിക്കാതെ നാം ആത്മാവിനെ ആശ്രയിക്കുമ്പോള്‍, നമുക്ക് ചുറ്റുമുള്ളവരെ നമുക്കു നന്നായി സ്‌നേഹിക്കാന്‍ കഴിയും.
വരള്‍ച്ചയെ അതിജീവിക്കുക
2019 മെയ് മാസത്തില്‍ ചെന്നൈ നഗരം കടുത്ത ജലക്ഷാമം നേരിട്ടു. ആ വര്‍ഷത്തെ മണ്‍സൂണ്‍ പരാജയപ്പെട്ടതായിരുന്നു കാരണം. വരള്‍ച്ച ബാധിച്ച പ്രദേശവാസികള്‍ക്ക് റേഷന്‍ രീതിയില്‍ വെള്ളം എത്തിക്കുന്ന ലോറികളെ കാത്ത് റോഡിനിരുവശവും പ്ലാസ്റ്റിക് കലങ്ങള്‍ നിരത്തിവെച്ചിരുന്നു. പച്ചവിരിച്ചു കിടക്കേണ്ട ഗ്രാമപ്രദേശങ്ങളില്‍ ഉണങ്ങിയ പുല്ലും സസ്യങ്ങളും ദാഹശമനത്തിനായി മഴ കാത്തുകിടന്നിരുന്നു.
'ഹൃദയംകൊണ്ട് യഹോവയെ വിട്ടുമാറുന്ന മനുഷ്യനെ' (യിരെമ്യാവ് 17:5) കുറിച്ച് യിരമ്യാവ് പറയുന്ന വിവരണം വായിക്കുമ്പോള്‍ എന്റെ ചിന്തയില്‍ വരുന്നത് ഉണങ്ങിയ സസ്യങ്ങളും കളകളുമാണ്. 'ജഡത്തെ'' ആശ്രയിക്കുന്നവര്‍ ''മരുഭൂമിയിലെ ചൂരച്ചെടിപോലെയാകും'' എന്നും ''നന്മ വരുമ്പോള്‍ അതിനെ കാണാതെ'' പോകുമെന്നും അവന്‍ പറയുന്നു (വാ. 5-6). മനുഷ്യരില്‍ ആശ്രയിക്കുന്നതിനു പകരം ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ ഇതിനു നേരെ വിപരീതമാണ്. വൃക്ഷങ്ങളെപ്പോലെ, അവരുടെ ശക്തമായ ആഴത്തിലുള്ള വേരുകള്‍ അവനില്‍ നിന്ന് ശക്തി പ്രാപിക്കുകയും വരള്‍ച്ച പോലുള്ള സാഹചര്യങ്ങള്‍ക്കിടയിലും ജീവിതത്തില്‍ അഭിവൃദ്ധിപ്പെടുവാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നു.
ഉണങ്ങിയ സസ്യങ്ങള്‍ക്കും വൃക്ഷങ്ങള്‍ക്കും വേരുകള്‍ ഉണ്ട്, എന്നിരുന്നാലും സസ്യങ്ങള്‍ അവയുടെ ജീവ-ഉറവിടവുമായി ബന്ധപ്പെട്ടിരിക്കുന്നില്ല എങ്കില്‍, അവ ഉണങ്ങുകയും നശിക്കുകയും ചെയ്യുന്നു. നേരെ മറിച്ചു വൃക്ഷങ്ങള്‍ അവയുടെ വേരുകളുമായി ബന്ധപ്പെട്ടിരിക്കുകയും വളരുകയും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുന്നു, പ്രയാസകരമായ സമയങ്ങളില്‍ അവയെ നിലനിര്‍ത്തുന്ന വേരുകളില്‍ അവ നങ്കൂരമിട്ടിരിക്കുന്നു. നാം ദൈവത്തെ മുറുകെ പിടിക്കുകയും, ബൈബിളില്‍ കാണുന്ന ജ്ഞാനത്തില്‍ നിന്ന് ശക്തിയും പ്രോത്സാഹനവും നേടുകയും അവനോട് പ്രാര്‍ത്ഥനയില്‍ സംസാരിക്കുകയും ചെയ്യുമ്പോള്‍, നമുക്കും അവന്‍ നല്‍കുന്ന ജീവ-ദായകവും ജീവന്‍ നിലനിര്‍ത്തുന്നതുമായ പോഷണം അനുഭവിക്കാന്‍ കഴിയും.
നമ്മുടെ ഹൃദയത്തില്‍ മുദ്രണം ചെയ്യുക
1450-ല്‍ ജോഹാനസ് ഗുട്ടന്‍ബര്‍ഗ് എടുത്തുമാറ്റാവുന്ന അച്ചുകളുപയോഗിച്ചുള്ള അച്ചടി കണ്ടുപിടിച്ചപ്പോള്‍, പഠനത്തെ പുതിയ സാമൂഹിക മേഖലകളിലേക്ക് വ്യാപിപ്പിച്ചുകൊണ്ട് പാശ്ചാത്യലോകത്ത് സമൂഹ ആശയവിനിമയത്തിന്റെ മേഖലയിലേക്ക് അദ്ദേഹം പ്രവേശിക്കുകയാണു ചെയ്തത്. പഠനത്തിലൂടെ ലോകമെമ്പാടും സാക്ഷരത വര്‍ദ്ധിക്കുകയും പുതിയ ആശയങ്ങള്‍ സാമൂഹിക, മതപര മേഖലകളില്‍ ദ്രുതഗതിയിലുള്ള പരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. ഗുട്ടന്‍ബര്‍ഗ് ആദ്യമായി ബൈബിളിന്റെ അച്ചടിച്ച പതിപ്പ് നിര്‍മ്മിച്ചു. ഇതിനുമുമ്പ്, ബൈബിളുകള്‍ കഠിനാധ്വാനത്തിലൂടെ കൈകൊണ്ട് പകര്‍ത്തി എഴുതുകയായിരുന്നു. പകര്‍പ്പെഴുത്തുകാര്‍ ഇതിന് ഒരു വര്‍ഷം വരെ എടുത്തിരുന്നു.
അതിനുശേഷം നൂറ്റാണ്ടുകളായി, അച്ചടിശാല നിങ്ങളെയും എന്നെയും പോലുള്ളവര്‍ക്ക് തിരുവെഴുത്തുകളിലേക്ക് നേരിട്ട് പ്രവേശിക്കാനുള്ള അവസരം നല്‍കി. നമുക്ക് ഇലക്ട്രോണിക് പതിപ്പുകളും ലഭ്യമാണെങ്കിലും, അദ്ദേഹത്തിന്റെ കണ്ടുപിടുത്തം കാരണം നമ്മളില്‍ പലരും ഇപ്പോഴും ബൈബിളിന്റെ ഒരു കോപ്പി കൈയ്യില്‍ പിടിക്കുന്നു. ഒരു ബൈബിള്‍ പകര്‍ത്താനുള്ള ചെലവും സമയവും കണക്കിലെടുക്കുമ്പോള്‍ നമുക്കൊരിക്കലും പ്രാപ്യമല്ലാതിരുന്നത് ഇന്ന് നമ്മുടെ വിരല്‍ത്തുമ്പിലാണ്.
ദൈവത്തിന്റെ സത്യത്തിലേക്ക് പ്രവേശിക്കുക എന്നത് ഒരു അത്ഭുതകരമായ പദവിയാണ്. സദൃശവാക്യങ്ങളുടെ രചയിതാവു നമ്മെ ഓര്‍മ്മപ്പിക്കുന്നത് തിരുവെഴുത്തിലൂടെ അവന്‍ നമുക്കു നല്‍കിയിരിക്കുന്നു അവന്റെ കല്‍പ്പനകളെയും ഉപദേശങ്ങളെയും ''നമ്മുടെ കണ്ണിന്റെ കൃഷ്ണമണിയെപ്പോലെ'' (സദൃശവാക്യങ്ങള്‍ 7:2) കാത്തുകൊള്ളണമെന്നും അവന്റെ ജ്ഞാനവാക്കുകളെ 'ഹൃദയത്തിന്റെ പലകയില്‍' എഴുതണം (വാ. 3) എന്നുമാണ്. നാം ബൈബിള്‍ മനസ്സിലാക്കാനും അതിന്റെ ജ്ഞാനമനുസരിച്ച് ജീവിക്കാനും ശ്രമിക്കുമ്പോള്‍, എഴുത്തുകാരെപ്പോലെ, നാം ദൈവത്തിന്റെ സത്യത്തെ നമ്മുടെ ''വിരലുകളില്‍'' നിന്ന് നമ്മുടെ ഹൃദയങ്ങളിലേക്ക് പതിപ്പിക്കുകയാണു ചെയ്യുന്നത്.
എതിരാളികളോ സഖ്യകക്ഷികളോ?
1947-ല്‍ സംഭവിച്ച വിഭജനം മുതല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വര്‍ഷങ്ങളായി തര്‍ക്കം നിലനില്‍ക്കുന്നു, എങ്കിലും മറ്റെല്ലാ രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി എല്ലാ വൈകുന്നേരവും സന്ധ്യാസമയത്ത് സകലര്‍ക്കും സാക്ഷ്യം വഹിക്കാന്‍ കഴിയുന്ന നിലയില്‍ പതാക താഴ്ത്തുന്ന ചടങ്ങ് വാഗാ അതിര്‍ത്തിയില്‍ നടക്കാറുണ്ട്. ഇരു രാജ്യങ്ങളിലെയും സൈനിക ഉദ്യോഗസ്ഥര്‍ പരസ്പരം സല്യൂട്ടു ചെയ്തും സൗഹാര്‍ദ്ദപരമായ ബന്ധത്തെ സൂചിപ്പിക്കുന്നതിന്റെ അടയാളമായി പരസ്പരം ഹസ്തദാനം നല്‍കിയുമാണ് ഗംഭീരവും ആഢംബരപൂര്‍ണ്ണവുമായ ഈ ദിനചര്യ അവസാനിക്കുന്നത്. വര്‍ഷങ്ങളായി നിരന്തരം സംഘര്‍ഷങ്ങളും മൂന്ന് പ്രധാന യുദ്ധങ്ങളും ഉണ്ടായിരുന്നിട്ടും, ഈ രണ്ട് രാജ്യങ്ങളിലെ ആളുകള്‍ അവരുടെ ദേശീയ അതിര്‍ത്തികളാല്‍ വേര്‍തിരിക്കപ്പെട്ടിട്ടുണ്ടെങ്കിലും പരസ്പരം സൗഹാര്‍ദ്ദപരമായി അഭിമുഖീകരിക്കാനുള്ള അവസരമാണ് ഈ ദൈനംദിന ഇടപെടല്‍.
കൊരിന്തില്‍ വിശ്വാസികള്‍ അവരുടെ പ്രധാന വഴിയില്‍ ഒരു രേഖ വരച്ചിട്ടുണ്ടാകില്ല, പക്ഷേ അവര്‍ ഭിന്നിപ്പിലായിരുന്നു. യേശുവിനെക്കുറിച്ച് പഠിപ്പിച്ചവരോട് - പൗലൊസ്, അപ്പല്ലോസ്, കേഫാ (അല്ലെങ്കില്‍ പത്രൊസ്) - കൂറുപ്രഖ്യാപിച്ച് അവര്‍ പരസ്പരം കലഹിച്ചു, പൗലൊസ് എല്ലാവരേയും''ഏകമനസ്സിലും ഏകാഭിപ്രായത്തിലും യോജിച്ചിരിക്കുവാന്‍'' ആഹ്വാനം ചെയ്തു (1 കൊരിന്ത്യര്‍ 1:10). അവരുടെ ആത്മീയ നേതാക്കളല്ല ക്രിസ്തുവാണ് അവര്‍ക്കുവേണ്ടി ക്രൂശിക്കപ്പെട്ടത് എന്നവന്‍ അവരെ ഓര്‍മ്മിപ്പിച്ചു.
ഇന്ന് നമ്മള്‍ സമാനമായി പെരുമാറുന്നു, ഇല്ലേ? നമ്മുടെ ഏകീകൃതമായ പ്രധാന വിശ്വാസം - നമ്മുടെ പാപങ്ങള്‍ക്കുവേണ്ടിയുള്ള യേശുവിന്റെ ബലിമരണം - പങ്കിടുന്നവരെപ്പോലും നാം ചിലപ്പോള്‍ എതിര്‍ക്കുന്നു. അവരെ സഖ്യകക്ഷികളാക്കുന്നതിനു പകരം എതിരാളികളാക്കുന്നു. ക്രിസ്തു വിഭജിക്കപ്പെട്ടിട്ടില്ലാത്തതുപോലെ, അവിടുത്തെ ഭൗമിക പ്രതിനിധികളായ നാമും - അവന്റെ ശരീരം - നമ്മുടെ ഉപരിപ്ലവമായ വ്യത്യാസങ്ങള്‍ നമ്മെ ഭിന്നിപ്പിക്കാന്‍ അനുവദിക്കരുത്. പകരം, അവനില്‍ നമ്മുടെ ഏകത്വം നമുക്കാഘോഷിക്കാം.
അവസരം മുതലെടുക്കുന്നില്ല
നിരവധി തടവുകാര്‍ തങ്ങളുടെ ജയില്‍ സമയം കുറയ്ക്കുന്നതിനായി റോഡരികിലെ മാലിന്യം ശേഖരിച്ചുകൊണ്ടിരുന്ന സമയത്താണ് സൂപ്പര്‍വൈസര്‍ ജെയിംസ് കുഴഞ്ഞുവീണത്. അവര്‍ അദ്ദേഹത്തെ സഹായിക്കാന്‍ ഓടിയെത്തി, അദ്ദേഹത്തിന് ഉടനടി വൈദ്യസഹായം ആവശ്യമുണ്ടെന്ന് അവര്‍ക്കു മനസ്സിലായി. ഒരു അന്തേവാസി സഹായത്തിനായി വിളിക്കാന്‍ ജെയിംസിന്റെ ഫോണ്‍ എടുത്തു. തങ്ങളുടെ സൂപ്പര്‍വൈസര്‍ക്ക് വൈദ്യസഹായം ലഭിക്കാന്‍ സഹായിച്ചതിന് തടവുകാര്‍ക്ക് പോലീസ് പിന്നീട് നന്ദി പറഞ്ഞു. അവര്‍ക്കു വേണമെങ്കില്‍ അദ്ദേഹത്തെ അവഗണിക്കാമായിരുന്നു - അദ്ദേഹത്തിന് ഹൃദയാഘാതം ആണു സംഭവിച്ചത്. അവര്‍ അവഗണിച്ചിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ ജീവന്‍ നഷ്ടപ്പെടുമായിരുന്നു. അല്ലെങ്കില്‍ അവര്‍ക്ക് രക്ഷപ്പെടാനായി ആ സാഹചര്യം ഉപയോഗിക്കാമായിരുന്നു.
തടവുകാരുടെ ദയാപ്രവൃത്തി പൗലൊസും ശീലാസും ജയിലില്‍ അടയ്ക്കപ്പെട്ടപ്പോള്‍ അവര്‍ കാണിച്ചതിനെക്കാള്‍ വ്യത്യസ്തമായിരുന്നില്ല. അവരുടെ വസ്ത്രം പറിച്ചുരിയുകയും അവരെ അടിക്കുകയും ജയിലില്‍ അടയ്ക്കുകയും ചെയ്ത ശേഷം, ഉണ്ടായ ഒരു ശക്തമായ ഭൂകമ്പംമൂലം അവരുടെ ചങ്ങലകള്‍ അഴിഞ്ഞുവീഴുകയും കാരാഗൃഹത്തിന്റെ വാതിലുകള്‍ ഇളകിവീഴുകയും ചെയ്തു (പ്രവൃ. 16:23-26). ജയിലര്‍ ഉറക്കമുണര്‍ന്നപ്പോള്‍ തടവുകാര്‍ ഓടിപ്പോയി എന്ന് അദ്ദേഹം സ്വാഭാവികമായും അനുമാനിച്ചു, അതിനാല്‍ അദ്ദേഹം സ്വന്തം ജീവന്‍ തന്നെ എടുക്കാന്‍ തയ്യാറായി (അവര്‍ രക്ഷപ്പെട്ടാല്‍ തനിക്കു ലഭിക്കാന്‍ പോകുന്ന ശിക്ഷ എന്തായിരിക്കുമെന്ന് അയാള്‍ക്കറിയാമായിരുന്നു). ''ഞങ്ങള്‍ എല്ലാവരും ഇവിടെയുണ്ട്'' എന്ന് പൗലൊസ് വിളിച്ചുപറഞ്ഞപ്പോള്‍ (വാ. 28) തടവുകാരില്‍ സാധാരണയായി കാണാത്ത രീതിയിലുള്ള അവരുടെ പ്രവൃത്തി കാരാഗൃഹപ്രമാണിയുടെ ഹൃദയത്തെ സ്പര്‍ശിച്ചു. അവര്‍ ആരാധിക്കുന്ന ദൈവത്തെക്കുറിച്ച് അറിയാന്‍ ജിജ്ഞാസുവാകുകയും ഒടുവില്‍ അവനും കര്‍ത്താവില്‍ വിശ്വസിക്കാന്‍ ഇടയാകുകയും ചെയ്തു (വാ. 29-34).
മറ്റുള്ളവരോട് നാം പെരുമാറുന്ന രീതി നാം എന്തു വിശ്വസിക്കുകയും വിലമതിക്കുകയും ചെയ്യുന്നു എന്നതു വെളിപ്പെടുത്തുന്നു. ഉപദ്രവത്തിനുപകരം നന്മ ചെയ്യുന്നതു നാം തിരഞ്ഞെടുക്കുമ്പോള്‍, നമ്മുടെ പ്രവൃത്തികള്‍, നാം അറിയുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ദൈവത്തെക്കുറിച്ച് ചിന്തിക്കാന്‍ അവരെ പ്രേരിപ്പിച്ചേക്കാം.
2 ഡി ഇരിപ്പിടത്തിലെ മനുഷ്യന്‍
പതിനൊന്ന് മാസം പ്രായമുള്ള മകള്‍ ലില്ലിയെയും ലില്ലിയുടെ ഓക്‌സിജന്‍ മെഷീനും പിടിച്ചുകൊണ്ട് പ്രീതി വിമാനത്തിന്റെ ഇടുങ്ങിയ ഇടനാഴിയിലൂടെ മുമ്പോട്ടു നീങ്ങി. അവളുടെ കുഞ്ഞിന്റെ വിട്ടുമാറാത്ത ശ്വാസകോശരോഗത്തിന് ചികിത്സ തേടിയുള്ള യാത്രയിലായിരുന്നു അവര്‍. അവരുടെ പങ്കിടപ്പെട്ട സീറ്റില്‍ ഇരുന്നതിനുശേഷം, ഒരു ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് പ്രീതിയെ സമീപിച്ചിട്ട് ഫസ്റ്റ് ക്ലാസിലെ ഒരു യാത്രക്കാരന്‍ തന്റെ സീറ്റ് അവളുമായി വെച്ചുമാറാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു. കൃതജ്ഞതയുടെ കണ്ണുനീര്‍ കവിളിലൂടെ ഒഴുക്കിക്കൊണ്ട്, പ്രീതി ഇടനാഴിയിലൂടെ കൂടുതല്‍ വിശാലമായ ഇരിപ്പിടത്തിലേക്ക് തിരിച്ചുപോയി, അതേസമയം ഒൗദാര്യവാനായ അപരിചിതന്‍ അവളുടെ സീറ്റിനടുത്തേക്കും നീങ്ങി.
തിമൊഥെയൊസിന് എഴുതിയ കത്തില്‍ പൗലൊസ് പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഔദാര്യം മനുഷ്യരൂപമെടുത്തതായിരുന്നു പ്രീതിയുടെ ഉപകാരി. തന്റെ അധികാരത്തിന്‍ കീഴിലുള്ളവരെ ''സല്‍പ്രവൃത്തികളില്‍ സമ്പന്നരായി ദാനശീലരും ഔദാര്യമുള്ളവരുമായിരിക്കുവാന്‍'' (1 തിമൊഥെയൊസ് 6:18) പൗലൊസ് തീമൊഥെയൊസിനെ പ്രബോധിപ്പിച്ചു. ഉന്നതഭാവം ഉണ്ടായിരിക്കുന്നതും ഈ ലോകത്തിന്റെ ധനത്തില്‍ ആശവയ്ക്കുന്നതും നമ്മെ പ്രലോഭിപ്പിക്കുന്നതാണ് എന്നു പൗലൊസ് പറയുന്നു. അതിനു പകരം അവന്‍ നിര്‍ദ്ദേശിക്കുന്നത്, നാം സല്‍പ്രവൃത്തികളില്‍ 'സമ്പന്നരായി' കെല്‍സിയുടെ ഫ്‌ലൈറ്റിലെ 2ഡി സീറ്റിലെ യാത്രക്കാരനെപ്പോലെ, മറ്റുള്ളവരെ സേവിക്കുന്നതും അവരോട് ഒൗദാര്യം കാണിക്കുന്നതുമായ ജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നാണ്.
നാം സമൃദ്ധിയുള്ളവരായാലും ആവശ്യത്തിലിരിക്കുന്നവരായാലും നമുക്കുള്ളതു മറ്റുള്ളവരുമായി പങ്കുവെക്കാന്‍ തയ്യാറാകുന്നതിലൂടെ ഉദാരമായി ജീവിക്കുന്നതിന്റെ സമ്പന്നത നമുക്കെല്ലാവര്‍ക്കും അനുഭവിക്കാന്‍ കഴിയും. അങ്ങനെ ചെയ്യുമ്പോള്‍, ''സാക്ഷാലുള്ള ജീവനെ പിടിച്ചു കൊള്ളുവാന്‍'' നമുക്കു കഴിയും (വാ. 19).
പാവനമായ കൂടിവരവ്
ഞങ്ങളുടെ സ്‌കൂള്‍ ചങ്ങാതിക്കൂട്ടം മനോഹരമായ ഒരു തടാകത്തിന്റെ തീരത്ത് ഒരു നീണ്ട വാരാന്ത്യത്തിനായി വീണ്ടും ഒന്നിച്ചു. ദിവസങ്ങള്‍ വെള്ളത്തില്‍ കളിക്കാനും ഭക്ഷണം പങ്കിടാനും ചെലവഴിച്ചു, പക്ഷേ സായാഹ്ന സംഭാഷണങ്ങളാണ് ഞാന്‍ ഏറ്റവും വിലമതിച്ചത്. ഇരുട്ട് വീഴുമ്പോള്‍, അസാധാരണമായ ആഴവും ദുര്‍ബലതയും ഉള്ള ഞങ്ങളുടെ ഹൃദയം പരസ്പരം തുറന്നു, തെറ്റായ വിവാഹങ്ങളുടെ വേദനകളും ഹൃദയാഘാതത്തെത്തുടര്‍ന്ന് ഞങ്ങളുടെ ചില കുട്ടികള്‍ സഹിച്ചുകൊണ്ടിരുന്ന ബുദ്ധിമുട്ടുകളും ഞങ്ങള്‍ പങ്കുവെച്ചു. ഞങ്ങള്‍ അനുഭവിക്കുന്ന യാഥാര്‍ഥ്യങ്ങളെക്കുറിച്ചു പുറംപൂച്ചു പറയാതെ, അത്തരം തീവ്രമായ പ്രിസന്ധികളില്‍ ദൈവത്തെയും അവന്റെ വിശ്വസ്തതയെയും ഞങ്ങള്‍ പരസ്പരം ചൂണ്ടിക്കാട്ടി. ആ സായാഹ്നങ്ങള്‍ എന്റെ ജീവിതത്തിലെ ഏറ്റവും പവിത്രമായവയാണ്.
ഓരോ വര്‍ഷവും കൂടാര പെരുന്നാളിനായി ഒത്തുകൂടാന്‍ ദൈവം തന്റെ ജനത്തെ പ്രേരിപ്പിച്ചപ്പോള്‍ ഇത്തരം രാത്രികളെയാണ് ദൈവം ഉദ്ദേശിച്ചതെന്ന് ഞാന്‍ കരുതുന്നു . ഈ പെരുന്നാളുകളിലും മറ്റു പലതിനെയും പോലെ യിസ്രായേല്യര്‍ യെരൂശലേമിലേക്ക് പോകേണ്ടതുണ്ടായിരുന്നു. അവിടെ എത്തിക്കഴിഞ്ഞാല്‍, ഒരാഴ്ചയോളം ആരാധനയില്‍ ഒത്തുകൂടാനും പെരുന്നാളിന്റെ സമയമത്രയും ''സാമാന്യവേല ഒന്നും ചെയ്യാതിരിക്കാനും'' ദൈവം തന്റെ ജനത്തോട് നിര്‍ദ്ദേശിച്ചു (ലേവ്യപുസ്തകം 23:35). കൂടാരപ്പെരുനാള്‍ ദൈവത്തിന്റെ കരുതല്‍ ആഘോഷിക്കുകയും മിസ്രയീമില്‍നിന്ന് പുറപ്പെട്ടശേഷം മരുഭൂമിയില്‍ അവര്‍ സഞ്ചരിച്ച അവരുടെ കാലഘട്ടത്തെ അനുസ്മരിക്കുകയും ചെയ്യുന്നതായിരുന്നു (വാ. 42-43).
ഈ ഒത്തുചേരല്‍ യിസ്രായേല്യരുടെ ദൈവജനമെന്ന സ്വത്വബോധം ഉറപ്പിക്കുകയും കൂട്ടായതും വ്യക്തിപരവുമായ പ്രതിസന്ധികള്‍ക്കിടയിലും അവന്റെ നന്മ പ്രഖ്യാപിക്കുകയും ചെയ്തു. നമ്മുടെ ജീവിതത്തിലെ ദൈവത്തിന്റെ കരുതലും സാന്നിധ്യവും ഓര്‍മ്മിക്കാന്‍ നാം സ്‌നേഹിക്കുന്നവരുമായി ഒത്തുചേരുമ്പോള്‍, നാമും വിശ്വാസത്തില്‍ ശക്തിപ്പെടുന്നു.
സംസാരിക്കുന്ന മേശകള്‍
ഏകാന്തത എന്നത് നമ്മുടെ ക്ഷേമത്തിന് ഏറ്റവും വലിയ ഭീഷണിയാണ്. ഇത് സോഷ്യല്‍ മീഡിയയിലെ പെരുമാറ്റം, അമിത ഭക്ഷണം മുതലായവയിലൂടെ നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നു. ഒരു പഠനം സൂചിപ്പിക്കുന്നത്, പ്രായമോ ലിംഗഭേദമോ നോക്കാതെ ആളുകളില്‍ മൂന്നില്‍ രണ്ട് ഭാഗവും കുറഞ്ഞത് ചില സമയത്തെങ്കിലും ഏകാന്തത അനുഭവിക്കുന്നു എന്നാണ്. ഒരു ബ്രിട്ടീഷ് സൂപ്പര്‍മാര്‍ക്കറ്റ്, ആളുകള്‍ തമ്മിലുള്ള ബന്ധം വളര്‍ത്തുന്നതിനുള്ള ഒരു മാര്‍ഗമായി അവരുടെ സ്റ്റോര്‍ കഫേകളില്‍ ''സംസാരിക്കുന്ന മേശകള്‍'' സ്ഥാപിച്ചു. ആളുകളുമായി ഇടപഴകുവാന്‍ ആഗ്രഹിക്കുന്നവര്‍ ആ ആവശ്യത്തിനായി അത്തരം മേശകളില്‍ ഇരുന്നു മറ്റുള്ളവരോടൊപ്പം ചേരുന്നു അല്ലെങ്കില്‍ ചേരാനുള്ള ആഗ്രഹം സൂചിപ്പിക്കുന്നു. സംഭാഷണം, ബന്ധപ്പെടലിന്റെയും സമൂഹത്തിന്റെയും ഒരു അവബോധം നല്‍കുന്നു.
ആദ്യകാല സഭയിലെ ജനങ്ങളും പങ്കിടുന്ന ബന്ധത്തിന് പ്രതിജ്ഞാബദ്ധരായിരുന്നു. അവര്‍ പരസ്പരം ബന്ധപ്പെട്ടവരല്ലായിരുന്നെങ്കില്‍, അവരുടെ വിശ്വാസത്തിന്റെ പ്രയോഗത്തില്‍ അവര്‍ ഏകരെന്ന് അവര്‍ക്കു തോന്നുമായിരുന്നു, അത് ഇപ്പോഴും ലോകത്തിന് അന്യമാണ്. യേശുവിനെ അനുഗമിക്കുന്നതിന്റെ അര്‍ത്ഥമെന്തെന്ന് അറിയാന്‍ അവര്‍ ''അപ്പൊസ്തലന്മാരുടെ പഠിപ്പിക്കലിനായി സ്വയം അര്‍പ്പിച്ചു'' എന്ന് മാത്രമല്ല, പരസ്പര പ്രോത്സാഹനത്തിനും കൂട്ടായ്മയ്ക്കുമായി ''ദൈവാലയങ്ങളില്‍ ഒത്തുചേര്‍ന്നു'', ''വീടുകളില്‍ അപ്പം നുറുക്കി'' (പ്രവൃത്തികള്‍ 2:42, 46).
നമുക്ക് മനുഷ്യബന്ധം ആവശ്യമാണ്; ദൈവം നമ്മെ അങ്ങനെ രൂപകല്‍പ്പന ചെയ്തു! ഏകാന്തതയുടെ വേദനാജനകമായ ഋതുക്കള്‍ ആ ആവശ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. ആദ്യകാല സഭയിലെ ആളുകളെപ്പോലെ, നമ്മുടെ ക്ഷേമത്തിന് ആവശ്യമായ മാനുഷിക കൂട്ടുകെട്ടില്‍ ഏര്‍പ്പെടേണ്ടതും അത് ആവശ്യമുള്ള ചുറ്റുമുള്ളവര്‍ക്ക് വാഗ്ദാനം ചെയ്യുന്നതും പ്രധാനമാണ്.